കോഴിക്കോട്: ജാതിയും മതവും ദേശവുമൊന്നും കണക്കാക്കാതെ 7049 അമ്മമാര്‍ ചേര്‍ന്ന് അഞ്ചു വര്‍ഷം കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളജിലെ മുലപ്പാല്‍ ബാങ്കിന് ദാനം ചെയ്തത് 1325.86 ലിറ്റര്‍ പാല്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവിടെയെത്തിയ 3381 കുഞ്ഞുങ്ങള്‍ക്കായി 1284. 74 ലിറ്റര്‍ മുലപ്പാല്‍ വിതരണം ചെയ്തു.
2021 സെപ്റ്റംബറിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു വിഭാഗത്തില്‍ മുലപ്പാല്‍ ബാങ്ക് ആരംഭിച്ചത്. കേരളത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി മുലപ്പാല്‍ ബാങ്കിന് തുടക്കമിട്ടത് കോഴിക്കോട്ടാണ്. തുടക്കത്തില്‍ സാവധാനമാണ് ആളുകള്‍ ഈ ആശയത്തോട് പ്രതികരിച്ചത്. നിരന്തരമായ ബോധവത്ക്കരണത്തിലൂടെയും ഇടപെടലുകളിലൂടെയും ആളുകളുടെ മനോഭാവത്തില്‍ വളരെയധികം മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. ബാങ്കിലേക്ക് പാല് നല്കിയ അമ്മമാര്‍ നല്കിയ പ്രചരണത്തെ തുടര്‍ന്ന് ധാരാളം പേര് മുലപ്പാല്‍ ദാനം ചെയ്യാന്‍ സജ്ജരായി എത്തുന്നു.
ഡീപ് ഫ്രീസറിലാണ് പാല് ശീതീകരിച്ചു സൂക്ഷിച്ചു വയ്ക്കുന്നത്. പാസ്ചുറൈസേഷന് കഴിഞ്ഞ പാല് ഏകദേശം നാല് മുതല്‍ ആറg മാസം വരെ ഡീപ് ഫ്രീസറില്‍ കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കാന്‍ കഴിയും. തുടര്‍ന്ന് ആവശ്യത്തിനനുസരിച്ച് പാല് റഫ്രിജറേറ്ററിലേക്ക് മാറ്റും. ഇതിന് ശേഷം പാല് സാധാരണ അന്തരീക്ഷ താപനിലയിലേക്ക് കൊണ്ടുവന്നതിന് ശേഷം കുഞ്ഞുങ്ങള്‍ക്ക് നല്‍കും.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ എന്‍ഐസിയുവില്‍ മിക്ക ദിവസവും 100 കുഞ്ഞുങ്ങള്‍ വരെ അഡ്മിറ്റായിട്ടുണ്ടാകും. ഇതിന് പുറമെ വാര്‍ഡുകളിലും റൂമുകളിലുമായി 90നും 100നും ഇടയില്‍ കുഞ്ഞുങ്ങളുണ്ടാകും. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളതും മാസം തികയാതെ പ്രസവിച്ചതുമായ കുഞ്ഞുങ്ങളെയാണ് എന്‍ഐസിയുവില്‍ അഡ്മിറ്റ് ചെയ്യുക. പലവിധത്തിലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും മറ്റുമുള്ള അമ്മമാരും പ്രസവത്തിനെത്തിയിട്ടുണ്ടാകും. അവര്‍ക്ക് വിവിധ കാരണങ്ങളാല്‍ പാല് കുറവായിരിക്കും.
അവര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്കും മുലപ്പാല്‍ ബാങ്ക് തണലാകും. എന്നാല്‍, പ്രഥമ പരിഗണന മാസം തികയാതെ ജനിക്കുന്ന, ശരീരഭാരം കുറഞ്ഞ കുഞ്ഞുങ്ങള്‍ക്കായിരിക്കും. ഇത്തരം കുഞ്ഞുങ്ങള്‍ക്ക് പൊടിപ്പാല്‍ കൊടുത്താല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഡോക്ടര്‍മാരുടെ കൃത്യമായ മേല്‍നോട്ടത്തില്‍ അമ്മയ്ക്ക് പാലില്ലാത്ത സാഹചര്യമാണെങ്കില്‍ മാത്രമാണ് ഇത്തരം കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ ബാങ്കില്‍ നിന്ന് പാല് നല്‍കുക.
മെഡിക്കല്‍ കോളജിലെ മുലപ്പാല്‍ ബാങ്കിലേക്ക് ഇനിയും ധാരാളം പാല് ആവശ്യമുണ്ടെന്ന് നിയോനാറ്റോളജി അസിസ്റ്റന്റ് പ്രഫസര്‍ ഡോ. കെ.എസ്. ദീപ പറഞ്ഞു. എപ്പോഴും അമ്മയുടെ സ്വന്തം പാല് തന്നെയാണ് കുഞ്ഞിന് ഏറ്റവും മികച്ചതെന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ മാതൃശിശു വിഭാഗം സൂപ്രണ്ട് ഡോ. അരുണ്‍ പ്രീത് ചൂണ്ടിക്കാട്ടുന്നു. അഞ്ച് വര്‍ഷത്തിനിടെ ഇവിടെയെത്തി നിരവധി തവണ പാല് നല്കിയ രണ്ട് അമ്മമാരെ മാതൃശിശു കേന്ദ്രത്തില്‍ ആദരിച്ചിരുന്നു. തുടര്‍ച്ചയായി 163 തവണ പാല് നല്കിയ ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കെ.പി. നിവാസില്‍ രശ്മി ബിജേഷ് ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്സില്‍ ഇടം പിടിച്ചിരുന്നു.
മുലപ്പാല്‍ ദാനം പ്രോത്സാഹിപ്പിക്കണം
രക്തം ദാനം ചെയ്യുന്നത് പോലെ തന്നെയാണ് മുലപ്പാല്‍ ദാനം ചെയ്യുന്നതും. കൃത്യമായ പരിശോധനകള്‍ക്ക് ശേഷമാണ് അമ്മമാരില്‍ നിന്ന് പാല് ശേഖരിക്കുന്നത്. രക്തദാനം പോലെ തന്നെ മുലപ്പാല്‍ ദാനവും പ്രോത്സാഹിപ്പിക്കപ്പെടണം. കൂടുതല്‍ അമ്മമാര്‍ ഇതിന് തയ്യാറായി മുന്നോട്ട് വരേണ്ടതുണ്ട്. പേരും നാടും ഒന്നും അറിയില്ലാത്ത, ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ ദാനം ചെയ്യുന്നത് പുണ്യമായി കരുതപ്പെടുന്നുവെന്ന് സിഎല്എംസി കോ ഓര്‍ഡിനേറ്റര്‍ ഡോ. ഷംന ഹനീഫ് പറഞ്ഞു.
മുലയൂട്ടുന്ന, ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത അമ്മമാരില്‍ നിന്നാണ് മുലപ്പാല്‍ സ്വീകരിക്കുക. കേന്ദ്രസര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നീ രക്തപരിശോധനകള്‍ പൂര്‍ത്തിയാക്കി നെഗറ്റീവാണെന്ന ഫലം കൊണ്ടുവന്നാല്‍ മാത്രമെ അമ്മമാരില്‍ നിന്ന് മുലപ്പാല്‍ ശേഖരിക്കൂ. ഇങ്ങനെ ശേഖരിക്കുന്ന പാല് ആദ്യം പാസ്ചുറൈസ് ചെയ്യും. ഇതിന് ശേഷം മൈനസ് 20 ഡിഗ്രിയില്‍ അത് സൂക്ഷിച്ചു വയ്ക്കും. ഈ താപനിലയില്‍ പാല് സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് മരുന്നുപോലെ തന്നെയാണ്. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ് പാല് നല്‍കുക.